ജീവിതം; എൻ്റെ കാഴ്ചപ്പാടിൽ
നമ്മിൽ ചിലരെങ്കിലും പലപ്പോഴും ചിന്തിക്കാറില്ലേ ഇതെന്തൊരു ജീവിതമാണ് എൻ്റേത് എന്ന്? ജീവിതത്തേക്കുറിച്ചാണ് എൻ്റെ ബ്ലോഗ് മുഴുവൻ. ഞാൻ ഒരു സാഹിത്യകാരിയോ,കലാകാരിയോ ഒന്നുമല്ല. പക്ഷേ... ജീവിതം എന്നെ ഒരു ചെറിയ എഴുത്തുകാരി ആക്കി മാറ്റി. ജീവിതം നാല്പതുകളിലാണാരംഭിക്കുന്നത് എന്ന ഒരു ചൊല്ല് മിക്കവാറും എല്ലാവരും കേട്ടിട്ടുണ്ടാകും. പക്ഷേ എല്ലാവരുടെയും ജീവിതത്തിൽ അത് അങ്ങനെയല്ല കേട്ടോ. എൻ്റെ മനോധാരയിൽ നിന്നും, ഞാൻ കണ്ടതും, കേട്ടതും, അറിഞ്ഞതുമായ ജീവിതവ്യാപാരങ്ങളിലേക്കുള്ള ആത്മീയപരമായ ഒരു കുഞ്ഞു എത്തിനോട്ടമാണ് ഈ ബ്ലോഗ്.
മനോഹരമായ ബാല്യകാലം
ജീവിതത്തിലെ ഏറ്റവും സുന്ദരമായ ഒരു ഘട്ടമാണ് ബാല്യകാലം. അങ്ങനെതന്നെയാണ് വേണ്ടതും. ഒരുകുഞ്ഞു പൂമ്പാറ്റയേപ്പോലെ പാറിപ്പറന്നു നടക്കുന്ന സമയം. ഒന്നും എഴുതിയിട്ടില്ലാത്ത ഒരു വെള്ള ബോർഡ് പോലെയായിരിക്കും അന്നേരം അവരുടെ മനസും, ഹൃദയവും. അതിൽ പിന്നീട് അവരറിഞ്ഞോ,അറിയാതെയോ എഴുതിച്ചേർക്കപ്പെടുന്നതായിരിക്കും അവരുടെ ഭാവിജീവിതത്തിൻ്റെ കേന്ദ്രബിന്ദു. നിർഭാഗ്യവശാൽ എത്രയോ കുഞ്ഞുബാല്യങ്ങൾ മുതിർന്നവരുടെ കാൽക്കീഴിൽ, അവരുടെ അഹന്തയുടെ ഇരകളായി, ചതഞ്ഞമർന്നുപോകുന്നു. താങ്ങാവേണ്ട കരങ്ങൾ തന്നെ അവരുടെ കഴുത്ത് ഞെരിക്കുന്നു!
കൗമാരവും, യൗവനവും
കുട്ടിക്കളികളിൽ നിന്നും പുറത്തു വരുന്ന കൗമാരം. എന്തിനേയും,ഏതിനേയും അറിയാനുള്ള ആകാംക്ഷ നിറഞ്ഞ സമയം. ചിലർ വളരെ ഉൾവലിയുമ്പോൾ മറ്റു ചിലർ കളം നിറഞ്ഞാടുന്നു. പണ്ടത്തെ ആ 'വെള്ളബോർഡ് ' പതുക്കെ അതിൻ്റെ പ്രഭാവം പകരാൻ തുടങ്ങും. ഒന്നു മനസ്സുവെച്ചാൽ അവർക്ക് അതിൻ്റെ തീവ്രത കുറയ്ക്കാൻ പറ്റും. അവരുടെ മനസിലെ ആരും കാണാത്ത കാറ്റും കോളും നിറഞ്ഞ അന്തരീക്ഷത്തിൽ ഒരു കുളിർകാറ്റായി എന്തെങ്കിലും കടന്നുവരുമ്പോൾ! ഈ സമയത്താണ് അവർ വഴിതെറ്റാൻ സാധ്യത കൂടുതൽ. ചിലപ്പോൾ ആ കടന്നു വരുന്നതിനെ ഉൾക്കൊള്ളാൻ അവർക്ക് കഴിയുന്നില്ലെങ്കിൽ അവർ നിസ്സഹായരാകും. അപ്പോൾ അവർക്ക് കൈത്താങ്ങായി പ്രീയപ്പെട്ടവരാണ് കൂടെ നിൽക്കേണ്ടത്.
ജീവിതം അങ്കത്തട്ടിലേക്ക്
പണ്ടത്തെ ആ കുഞ്ഞു പൂമ്പാറ്റ ഇപ്പോൾ ചിറകുകൾ വിടർത്തി ജീവിതമാകുന്ന നീലാകാശത്തേക്ക് കുതിക്കാൻ വെമ്പുകയാണ്. തങ്ങൾ സ്വരുക്കൂട്ടിയ കരുത്തെല്ലാം ആവാഹിച്ച് ജീവിതമാകുന്ന അങ്കത്തട്ടിലേക്ക് അവർ ഇറങ്ങുന്നു. ഇനിയാണ് യഥാർത്ഥ കളിക്കളത്തിലെ ചതുരംഗക്കളികൾ. അവിടെ ഒന്നുകിൽ വിജയം അല്ലെങ്കിൽ പരാജയം! ഒന്നു ചിന്തിച്ചു നോക്കിയാൽ നമുക്ക് മനസിലാകും ഈ രണ്ട് കാര്യങ്ങളുടേയും ഇടയിലെ ചതുരംഗ കരുക്കൾ ആണ് നമ്മളെന്ന്! ചിലപ്പോൾ ജയം തൊട്ടടുത്തെത്തി എന്ന് വിചാരിച്ചിരിക്കുമ്പോഴായിരിക്കും നാം യഥാർത്ഥത്തിൽ തോറ്റ് പോകുന്നത്! അതേസമയം നാം പരാജയപ്പെട്ടു എന്ന് തോന്നുമ്പോഴായിരിക്കും നാം വിജയിക്കുന്നത്! ജീവിതമാകുന്ന അങ്കത്തട്ടിലെ ചതുരംഗ കരുക്കളായി നാം അറിയാതെ തന്നെ നീങ്ങിക്കൊണ്ടിരിക്കുകയാണ് അല്ലേ?
പക്ഷേ, പലർക്കും ഇത് മനസിലാക്കാൻ പ്രയാസമാണ്. അവർ വിജയം എന്നതിൽ മാത്രം ശ്രദ്ധയുറപ്പിച്ച്,അരയും, തലയും മുറുക്കി ആഞ്ഞ് തുഴയും. ആ യാത്രക്കിടയിൽ കൈ കുഴയും, പിടി അയഞ്ഞു തുടങ്ങും..... പക്ഷേ....അവർ പിന്നെയും പിന്നെയും ആഞ്ഞ് തുഴയും. തീർച്ചയായും അവർ അവരുദ്ദേശിച്ച സ്ഥലത്ത് എത്തിച്ചേരും. എന്നാൽ അവർ തിരിഞ്ഞ് നോക്കുമ്പോൾ ആരെയും കാണില്ല.... ഒന്നിച്ച് യാത്ര തുടങ്ങിയവർ, ജീവിതം പങ്കിടാം എന്നു പറഞ്ഞവർ, അവസാനം വരെ കൂടെ കാണും എന്ന് പറഞ്ഞവർ!.... ചിലപ്പോൾ അവരെല്ലാം പകുതിയിൽ ഉപേക്ഷിച്ചു പോയതാവാം അല്ലെങ്കിൽ വിജയത്തിൻ്റെ പടവുകൾ കയറാനുള്ള ആവേശത്തിൽ അവരുടെ കൈകൾ തട്ടിമാറ്റിയതാവാം!
ഈ യാത്രയിൽ തഴയപ്പെട്ടവരെപ്പറ്റി നാം ചിന്തിച്ചു നോക്കാറുണ്ടോ എപ്പോഴെങ്കിലും?....തങ്ങളെക്കൊണ്ടാവും വിധം വിജയത്തിലേക്ക് തുഴയാൻ ശ്രമിച്ചിട്ടും കഴിയാതെ പോയവർ, കൂടെയുള്ളവരെ വിജയിപ്പിക്കാൻ സ്വന്തം യാത്ര മാറ്റിവച്ചവർ, ഒന്നിച്ച് യാത്ര തുടങ്ങിയിട്ട് പൂർത്തിയാകാൻ നേരം നിഷ്കരുണം തൻ്റെ സഹയാത്രികനാൽ തഴയപ്പെട്ടവർ!.....
ജീവിതപാഠം
FOLLOW ME ;






Comments
Post a Comment